ദോഹ: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സമയ വിവരങ്ങൾ ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ശേഷ 3.30 വരെയുള്ള സമയങ്ങളിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല.
വേനല്‍ക്കാലത്തെ പ്രത്യേക ജോലി സമയം ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട് .
പുതിയ പ്രവര്‍ത്തന സമയത്തിന് അനുസൃതമായി തൊഴില്‍ ഉടമകള്‍ ദൈനംദിന പ്രവൃത്തി സമയം നിര്‍ണ്ണയിക്കണമെന്നും എല്ലാ തൊഴിലാളികള്‍ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ ഈ പ്രവൃത്തി സമയം പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ഇക്കാര്യം പരിശോധിക്കാന്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തുറസ്സായ സ്ഥലങ്ങളിലെ താപനില 32.1 ഡിഗ്രി സെല്‍ഷ്യസിലും കൂടിയാല്‍ ജോലി നിര്‍ത്തിവെക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. വെറ്റ് ബള്‍ബ് ഗ്ലോബല്‍ ഗേജിന്റെ താപനില സൂചിക അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്.
മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്:
വേനല്‍ക്കാലത്തെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും അപകടം ലഘൂകരിക്കുന്നതിനും കമ്പനികളും തൊഴിലാളികളും കൂടിച്ചേര്‍ന്ന് സംയുക്ത പദ്ധതി ആവിഷ്ക്കരിക്കണം. ഇതിന്റെ ഒരു പകര്‍പ്പ് ജോലി സ്ഥലങ്ങളില്‍ സൂക്ഷിക്കണം.
ചൂടിനെ നേരിടാനുള്ള പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കണം. ചൂടിനെ പ്രതിരോധിക്കാന്‍ ജോലി സമയങ്ങളില്‍ ഉടനീളം തൊഴിലാളികള്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണം.
തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിശ്രമ സ്ഥലങ്ങള്‍ ഒരുക്കണം. സൂര്യപ്രകാശത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള വിശ്രമ സ്ഥലങ്ങള്‍ ആയിരിക്കണമെന്നും നിർദേശമുണ്ട് .
ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ തൊഴിലാളികള്‍ക്ക് നല്‍കണം.
ചൂടേറ്റാല്‍ മാരകമായ രോഗാവസ്ഥ വരുമോ എന്ന് തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്ക് വാര്‍ഷിക മെഡിക്കല്‍ പരിശോധന നടത്തണം. ഇതിന്റെ രേഖകള്‍ സൂക്ഷിക്കണം.
തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും പ്രഥമശുശ്രൂഷയും നല്‍കുന്നതിന് ജോലി സ്ഥലത്തെ പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആരോഗ്യ സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കണം. ജോലി സ്ഥലത്തെ താപനില എപ്പോഴും പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.