വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് 7 കിലോയോളം വരുന്ന കഞ്ചാവ്

ദുബൈ: ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് 7 കിലോയോളം വരുന്ന കഞ്ചാവ്. അതി വിദഗ്ധമായി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ആൾ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

തുടർ നടപടികൾക്കായി ഇയാളെ ദുബൈ പൊലീസിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം ജനറൽ ഡയറക്ടറേറ്റിന് കൈമാറി. വിമാനത്താവളത്തിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും മികച്ച ഉപകരണങ്ങളും എല്ലാത്തരം നിരോധിത വസ്‍തുക്കളുടെയും കള്ളക്കടത്ത് തടയാൻ പര്യാപ്‍തമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു.