ഇങ്ങനെയും വൈറലാകാം; രണ്ട് മണിക്കൂര്‍ വെറുതേ തുറിച്ചു നോക്കിയിരുന്ന വീഡിയോ കണ്ടത് 20 ലക്ഷം പേര്‍

muhammad deedith

ജക്കാര്‍ത്ത: യുട്യൂബില്‍ ഒരു വീഡിയോ വൈറലാകാന്‍ ഉള്ളടക്കം നന്നാവണം, നല്ല തലക്കെട്ട് വേണം, തമാശ വേണം എന്നൊക്കെ പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ദീദിത്തിന്റെ വീഡിയോ. രണ്ട് മണിക്കൂറിലധികം ചുമ്മാ ക്യാമറയിലേക്ക് തുറിച്ചുനോക്കിയിരുന്ന അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ ഇതിനകം കണ്ടത് 20 ലക്ഷത്തോളം പേര്‍.

ഒന്നും ചെയ്യാത്ത രണ്ടു മണിക്കൂര്‍ എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യുവാക്കളെ ബോധവല്‍ക്കരിക്കുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന ഫോളോവേഴ്സിന്റെ അഭ്യര്‍ഥനയാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ദീദിത്ത് പറയുന്നത്. ഇക്കാലത്ത് യുവാക്കളെ എന്തെങ്കിലും പറഞ്ഞ് ബോധവല്‍ക്കരിക്കാന്‍ പറ്റില്ലെന്നായിരിക്കാം ദീദിത്ത് ഉദ്ദേശിച്ചത്.

 

അതെന്തായാലും ജൂലൈ 10 ന് പോസ്റ്റ് ചെയ്ത വീഡിയോ കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ വൈറലായി മാറി. മോഡേണ്‍ ആര്‍ട്ട് പോലെ പലരും പലതായി അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. ചിലര്‍ അദ്ദേഹം ധ്യാനിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീഡിയോ ഷൂട്ടിംഗ് സമയത്ത് എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം.

രണ്ടു മണിക്കൂറിനിടയില്‍ ദീദിത് 362 തവണ കണ്ണു ചിമ്മിയെന്നാണ് ഒരാള്‍ കണ്ടെത്തിയത്. കണക്ക് തെറ്റാണെന്നു മറ്റു ചിലരും. ധാരാളം പേര്‍ കണ്ണുചിമ്മുന്നത് എണ്ണി. 20,000ഓളം പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

യുവാക്കളെ ബോധവല്‍ക്കരിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ പലരും എന്നെ പ്രേരിപ്പിക്കുന്നു ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ ഇതു ചെയ്തു. ബൂം. വീഡിയോയുടെ അടിക്കുറിപ്പില്‍ ദീദിത് പറഞ്ഞു. ഈ വീഡിയോയുടെ പ്രയോജനങ്ങളെക്കുറിച്ച് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
കാഴ്ചകള്‍ ഫില്‍ട്ടര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ വീഡിയോയിലൂടെ ദീദിത് ഉണര്‍ത്തുന്നത്.