Friday, June 18, 2021
Home News Kerala ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധരപക്ഷം; പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം

ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധരപക്ഷം; പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സംസ്ഥാന ബി.ജെ.പിയിലുള്ള തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനാണ് കേന്ദ്രത്തിന്റെ നിലപാട് യോഗത്തില്‍ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ യോഗത്തില്‍ മുരളീധര വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അവര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധര വിഭാഗം നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറകണമെന്നും അറിയിച്ചു.

ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് സി.പി രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

Most Popular