Thursday, December 8, 2022
HomeGulfലോകകപ്പ് ടിക്കറ്റുകൾ മൊബൈൽ ടിക്കറ്റുകളാക്കുമെന്ന് ഫിഫ ; ആരാധകർ ചെയ്യേണ്ടത് ഇത്രമാത്രം

ലോകകപ്പ് ടിക്കറ്റുകൾ മൊബൈൽ ടിക്കറ്റുകളാക്കുമെന്ന് ഫിഫ ; ആരാധകർ ചെയ്യേണ്ടത് ഇത്രമാത്രം

ദോഹ: മൂന്ന് വിൽപ്പന ഘട്ടങ്ങളിലായി ഫിഫ ലോകകപ്പിൽ പൊതുജനങ്ങൾക്കായി വിറ്റ എല്ലാ ടിക്കറ്റുകളും മൊബൈൽ ടിക്കറ്റുകളായി മാറ്റുമെന്ന് ഫിഫ അറിയിച്ചു. ഒരു പ്രത്യേക ടിക്കറ്റിംഗ് ആപ്പ് ആണ് ഫിഫ പുറത്തിറക്കുന്നത്. വാങ്ങിയ ടിക്കറ്റുകൾ ഈ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുകയും ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് ആക്ടിവേറ്റ് ചെയ്യുകയും വേണം. സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ രണ്ടാം പകുതിക്ക് മുമ്പായി ആപ്പ് പുറത്തിറക്കാനാണ് തീരുമാനം.

ടിക്കറ്റ് വാങ്ങിയ ഇമെയിൽ വഴി ലോഗിൻ ചെയ്ത് രജിസ്‌ട്രേഷൻ കോഡ് ഉപയോഗിച്ച് ആപ്പിൽ നിന്ന് മൊബൈൽ ടിക്കറ്റ് നേടാം. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഈ ടിക്കറ്റ് ആക്ടിവേറ്റ് ആകും. ആപ്പിലെ ക്യൂ.ആർ കോഡ് സ്റ്റേഡിയത്തിലെ സ്കാനറിൽ സ്കാൻ ചെയ്ത് സീറ്റ് നമ്പർ അടക്കമുള്ള വിവരങ്ങൾ നേടണം.

മറ്റുള്ളവർക്കായി വാങ്ങിയ ടിക്കറ്റുകൾ കയ്യിലുണ്ടെങ്കിൽ അവരുടെ ഇമെയിൽ വിലാസം നൽകി അവരുടെ ആപ്പിലേക്ക് ഈ ടിക്കറ്റുകൾ അയച്ചു നൽകാനും ആപ്പ് വഴി സാധിക്കും. ടിക്കറ്റിലെ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും മാറ്റി ടിക്കറ്റ് സുഹൃത്തുക്കളുടെ പേരിൽ ആക്കാം.

സുഹൃത്തുക്കളുടെ ടിക്കറ്റുകളും സ്വയം സൂക്ഷിക്കുകയാണെങ്കിൽ ഈ ടിക്കറ്റുകൾ ഒരേ വേദിയിലെ മൽസരത്തിനുള്ളത് ആയിരിക്കണം. ഗേറ്റിൽ ഒന്നിച്ചാണ് വരേണ്ടത്.

ഇതിനുപുറമെ ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ഡിജിറ്റലാക്കുന്നതിനും അപേക്ഷ നൽകണം. ഇതിനായി Qatar2022.qa സന്ദർശിക്കുകയോ ‘ഹയ്യ ടു ഖത്തർ 2022’ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വേണം.

Most Popular